Friday, March 27, 2020

വെറുതെയിരിക്കേണ്ട; വായിക്കാനെടുക്കൂ ഈ കുട്ടിപുസ്തകങ്ങള്‍

ജോര്‍ജ് ഓര്‍വെല്‍ അടക്കമുള്ളവരെ ആകര്‍ഷിച്ച ഈ കൃതിക്ക് എക്കാലത്തും വായനക്കാരുണ്ടായി.
പുസ്തകങ്ങളോടുള്ള താല്പര്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുള്ള നല്ല സമയമാണിത്. വായനയുടെ രസം പകരുന്ന പുസ്തകങ്ങള്‍ കണ്ടെത്തി കുട്ടികള്‍ക്ക് കൊടുക്കാനും ശ്രമിക്കണം. ചില പുസ്തകങ്ങളെ പരിചയപ്പെടാം. ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്-ലൂയി കാരള്‍ ലൂയി കാരള്‍ എന്ന തൂലികാനാമത്തിലൂടെ പ്രശസ്തനായ ചാള്‍സ് ലൂട്വിഡ്ജ് ഡോഡ്ജ്സണ്‍  എഴുതിയ നോവലാണ് ആലീസസ് അഡ്വഞ്ചേഴ്സ് ഇന്‍ വണ്ടര്‍ലാന്‍ഡ്. ഈ നോവല്‍ പിന്നീട് ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന ചുരുക്കപേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 1865-ലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. ആലീസ് എന്ന കുട്ടി കാണുന്ന സ്വപ്നമാണ് നോവലിന്റെ ഇതിവൃത്തം. കളിച്ചുകൊണ്ടിരിക്കേ ഒരു വെള്ളമുയലിനെ ആലീസ് കാണുകയും അതിനെ പിന്തുടര്‍ന്നു ചെന്ന് വിചിത്രമായ ഒരു ലോകത്ത് എത്തിച്ചേരുന്നതുമാണ് സ്വപ്നം. വിസ്മയിപ്പിക്കുന്ന അനുഭവങ്ങള്‍ നേരിടേണ്ടിവരുന്ന ആലീസിനെയാണ് നോവലിലുടനീളം കാണുന്നത്. തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന ഈ നോവല്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും സിനിമയാക്കുകയും ചെയ്യപ്പെട്ടു ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്.

ഗള്ളിവേഴ്സ് ട്രാവല്‍സ്-ജോനാഥന്‍ സ്വിഫ്റ്റ്
ജോനാഥന്‍ സ്വിഫ്റ്റ് എന്ന ഐറിഷ് സാഹിത്യകാരന്റെ ശ്രദ്ധേയമായ ഒരു രചനയാണിത്. ഗള്ളിവറുടെ യാത്രകള്‍ എന്ന ഈ കൃതി 1726-ലാണ് പ്രസിദ്ധീകരിച്ചത്. ഗള്ളിവര്‍ എന്ന കഥാപാത്രം നടത്തുന്ന സാഹസികയാത്രകളുടെ രസകരമായ ആഖ്യാനമാണ് ഈ പുസ്തകം. നാല് ഭാഗങ്ങളായി എഴുതപ്പെട്ടിരിക്കുന്ന പുസ്തകത്തില്‍ ഗള്ളിവര്‍ നാല് വ്യത്യസ്തങ്ങളായ സ്ഥലങ്ങളിലേക്ക് നടത്തുന്ന യാത്രകളും അനുഭവങ്ങളുമാണ് വിവരിക്കുന്നത്. ലില്ലിപ്പുട്, ബ്രോബ്ഡിങ്നാഗ്, ലപ്പൂട്ട,ഹൂയിനം തുടങ്ങിയ സ്ഥലങ്ങളാണ് കഥയുടെ പശ്ചാത്തലമായി വരുന്നത്. ജോര്‍ജ് ഓര്‍വെല്‍ അടക്കമുള്ളവരെ ആകര്‍ഷിച്ച ഈ കൃതിക്ക് എക്കാലത്തും വായനക്കാരുണ്ടായി.

ഹെയ്ഡി- യോഹന്ന സ്പൈറി             .
കുട്ടികളെയും മുതിര്‍ന്നവരേയും ഒരുപോലെ സ്വാധീനിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ പ്രഥമസ്ഥാനമുണ്ട് ഹെയ്ഡിക്ക്. 1881-ലാണ് ഈ കൃതി പുറത്തിറങ്ങിയത്. ഹെയ്ഡി എന്ന അനാഥപെണ്‍കുട്ടിയുടെ കഥയാണ് നോവല്‍ പറയുന്നത്. അവള്‍ക്ക് ഒരു വയസ്സ് ആകുമ്പോഴേക്കും അമ്മയും അച്ഛനും മരിക്കുന്നു. തുടര്‍ന്ന് അവള്‍ കഴിയുന്നത് അമ്മയുടെ സഹോദരിയുടെ കൂടെയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം അവള്‍ ആല്‍പ്സ് മുത്തശ്ശന്റെ അടുത്തെത്തുന്നു. മുത്തശ്ശനാണെങ്കില്‍ ഭയങ്കര കര്‍ക്കശക്കാരനാണ്. ഹെയ്ഡി എത്തിയതോടെ മുത്തശ്ശന്റെ സ്വഭാവത്തിലെല്ലാം മാറ്റം വരുന്നതും തുടര്‍ന്ന് ഹെയ്ഡിക്ക് സംഭവിക്കുന്ന കാര്യങ്ങളുമാണ് നോവലില്‍ അവതരിപ്പിക്കുന്നത്. ഹെയ്ഡിയുടെ തീര്‍ത്തും നിഷ്‌കളങ്കമായ പ്രവൃത്തികളും ചുറ്റുമുള്ള മനുഷ്യരില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളും എല്ലാ വായനക്കാരിലും ആവേശം സൃഷ്ടിക്കുന്നു.വളരെ എളുപ്പത്തില്‍ വായിച്ചുതീര്‍ക്കാവുന്ന ഒരു പുസ്തകം.

അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിള്‍ബെറി ഫിന്‍,- മാര്‍ക്ക് ട്വയിന്‍       
മാര്‍ക്ക് ട്വയന്‍ എന്ന അമേരിക്കന്‍ സാഹിത്യകാരന്‍ എഴുതിയ പ്രശസ്തമായ നോവലുകളാണ് അഡ്വഞ്ചേവ്സ് ഓഫ് ടോം സോയര്‍, അഡ്വഞ്ചേവ്‌സ് ഓഫ് ഹക്കിള്‍ബെറി ഫിന്‍.  1884ല്‍ ആണ് ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയര്‍ എന്ന നോവലിന്റെ തുടര്‍ച്ചയാണ് ഇത്. വികൃതിക്കാരനായ ടോം എന്ന കുട്ടിയുടെ കഥയാണ് നോവല്‍ പറയുന്നത്. മിസ്സിസ്സിപ്പി നദിയുടെ തീരത്തുള്ള ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പിന്നീട് പുറത്തുവന്ന അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിള്‍ബെറി ഫിന്‍ ടോമിന്റെ സുഹൃത്തായ ഹക്കിന്റെ സാഹസികതകളാണ് അവതരിപ്പിക്കുന്നത്. ഉണ്ണിക്കുട്ടന്റെ ലോകം-നന്തനാര്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള ബാലസാഹിത്യകൃതികളില്‍ ശ്രദ്ധേയമായ നോവലാണ് നന്തനാരുടെ (പി.സി. ഗോപാലന്‍) 'ഉണ്ണിക്കുട്ടന്റെ ലോകം. 1973-ലാണ് ഈ നോവല്‍ പുസ്തകരൂപത്തിലെത്തുന്നത്. ഒരു കുട്ടിയുടെ സന്തോഷങ്ങളും സങ്കടങ്ങളും കൗതുകങ്ങളും ആണ് ഈ നോവലില്‍ തെളിഞ്ഞ് കിടക്കുന്നത്.

No comments:

Post a Comment