Friday, March 21, 2025

പുതിയ കാലം, പുതിയ കുട്ടികൾ-Parenting

 പുതിയ കാലം, പുതിയ കുട്ടികൾ

-------------------------------------

അബ്ദുള്ളകുട്ടി എടവണ്ണ

താമരശ്ശേരിയിൽ പത്താം ക്ലാസുകാരനായ ഒരു വിദ്യാർത്ഥി കുട്ടികളുടെ അടിപിടിയിൽ കൊല്ലപ്പെട്ടതും തിരുവനന്തപുരത്ത് ഒരു ചെറുപ്പക്കാരൻ കുടുംബാംഗങ്ങളെയടക്കം അഞ്ചു പേരെ ക്രൂരമായി കൊലപ്പെടുത്തിയതും കോട്ടയം നേഴ്സിങ് കോളേജിൽ സഹപാഠിയെ ക്രൂരമായി റാഗു ചെയ്തതും.. 

ഇത്തരം വാർത്തകൾ നമ്മുടെയെല്ലാം മനസ്സിനെ ആഴത്തിൽ മുറിവേല്പിക്കുന്നുണ്ട്.

അധ്യാപകൻ എന്ന നിലയിൽ സ്വയം വിമർശനപരമായി ഞാനാലോചിക്കുന്നത് എൻ്റെ ക്ലാസ് മുറികളെക്കുറിച്ചാണ്.

എൻ്റെ ക്ലാസ് മുറിയിലിരുന്ന കുട്ടികളാരും നാളെ ഇങ്ങനെ ചെയ്യില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാനാവില്ല.

ഒരു മലയാളം അധ്യാപകൻ എന്ന നിലയിൽ ഹൈസ്ക്കൂൾ ക്ലാസുകളിൽ ഞാൻ പകർന്നു കൊടുക്കുന്ന ജീവിത ഗന്ധികളായ കവിതകളോ കഥകളോ ഏശാത്ത വിധം കുട്ടികൾ മാറിക്കൊണ്ടിരിക്കുകയാണോ എന്നെനിക്ക് തോന്നിപ്പോകുന്നു.

ഇപ്പോൾ ഉലച്ചുകളയുന്ന വാർത്തകളുടെ  ചെറു ലക്ഷണങ്ങൾ കുറച്ചു വർഷങ്ങളായി എൻ്റെ ചുറ്റുവട്ടങ്ങളിൽ നിന്ന് നിത്യവും കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 

പ്രൈമറി ക്ലാസുകളിലടക്കം 

വയലൻസിൻ്റെ പ്രകടിത രൂപങ്ങൾ കാണാം. 

നാലാം ക്ലാസിലെ മക്കൾ പോലും നിസ്സാരകാര്യങ്ങളുടെ പേരിൽ പൊട്ടിത്തെറിക്കുന്നതും പേടിപ്പെടുത്തും വിധത്തിലുള്ള കയ്യാങ്കളി നടത്തുന്നതും കാണുന്നു.

സമീപകാലത്തെ വാർത്തകൾ വിദ്യാഭ്യാസ മേഖലക്ക് പുറത്തേക്ക് പടർന്ന ചർച്ചകളായി പരിണമിച്ചിരിക്കുന്നു.

ഇത്തരം ചർച്ചകളിലാവട്ടെ ലഹരി വസ്തുക്കളുടെ ഉപയോഗവും വയലൻസ് സിനിമകളും ബാലാവകാശ നിയമങ്ങളും അധ്യാപകർ വടിയെടുക്കാത്തതുമൊക്കെയുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പലരും എളുപ്പത്തിൽ പരിഹാരം നിർദ്ദേശിക്കുന്നു.

യഥാർത്ഥ കാരണങ്ങൾ കണ്ടെത്തിക്കൊണ്ടു മാത്രമേ പരിഹാരങ്ങൾ കാണാൻ കഴിയൂ..

ഇന്ന് ചർച്ചചെയ്യപ്പെടുന്ന, കുട്ടികൾക്കിടയിൽ വന്നതായി പറയുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച്,

30 വർഷക്കാലമായി സർക്കാർ വിദ്യാലയത്തിൽ അധ്യാപകനായ എനിക്കുള്ള ചില നിരീക്ഷണങ്ങൾ പങ്കു വെയ്ക്കട്ടെ.

1- വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനായി വലിയ രീതിയിലുള്ള ശ്രമങ്ങൾ സാർവത്രികമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ സ്കൂൾ പ്രവർത്തനങ്ങൾ പരീക്ഷാ കേന്ദ്രീകൃതമായി മാറി. 

പരീക്ഷയിൽ വിജയിക്കുന്ന 'മിടുക്കരെ ' സൃഷ്ടിക്കുന്ന ഫാക്ടറികളായി വിദ്യാലയങ്ങൾ മാറി. 

എൽ പി യിൽ എൽ എസ് എസ്, 

യുപിയിൽ യു എസ് എസ് ,

ഹൈസ്കൂളിൽ NMMS,SSLC എപ്ലസ്...

 ഇതിൻ്റെ നിർമ്മിതിയിലേക്കായി അധ്യാപക ശ്രദ്ധ. 

വിദ്യാലയങ്ങൾ തമ്മിൽ ഈയൊരു മേൻമകൾക്കായി മത്സരങ്ങൾ തുടങ്ങി.

ഇതോടൊപ്പം സർക്കാർ സംവിധാനങ്ങളും

 സ്കൂൾ നിലവാരം അളക്കാനുള്ള മാനദണ്ഡങ്ങൾ ഇത്തരം

പരീക്ഷകളിലെ  വിജയമായി കണക്കാക്കി.

 സ്വാഭാവികമായി രക്ഷിതാക്കളും ഇതിനൊപ്പം നിന്നു.

വിജയികൾക്ക് അംഗീകാരം നൽകാൻ ഫ്ലക്സ് ബോർഡുകളും പ്രോത്സാഹനങ്ങളുമായി പൊതു സമൂഹവും കൂടെ നിന്നു.

മിടുക്കരിലേക്ക് ശ്രദ്ധ കൊടുക്കുമ്പോൾ

 ഈ വിഭാഗത്തിൽപ്പെടാത്തവർക്ക് പരിഗണന പേരിനു മാത്രമായി.

കുട്ടികളിൽ വ്യക്തിത്വ വികാസവും മൂല്യബോധവുമുണ്ടാക്കുന്ന സാഹിത്യസമാജങ്ങൾ , സേവനവാരം തുടങ്ങിയ പരിപാടികൾ മാറ്റിവച്ച്  പഠിപ്പിക്കൽ ഗൗരവമായതോടെ കുട്ടികൾ യന്ത്ര മനസ്സാകാൻ തുടങ്ങി..

ശിശുകേന്ദ്രീകൃതം, നൂതന മനശ്ശാസ്ത്രം എന്നൊക്കെ പറച്ചിലേ ഉള്ളൂ. കലയും കായികവുമൊക്കെ പേരിന് മാത്രമായി.

പ്രവൃത്തി ദിനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി, റിപ്പോർട്ടുകളിൽ എല്ലാം കേമമാക്കാൻ വേണ്ടി സർക്കാരും കർശനമായിത്തുടങ്ങി. ചെറിയ ക്ലാസുകളിലെ മാർക്കുകൾ പോലും ഗൗരവത്തോടെ അപ്പ്ലോഡ് ചെയ്യൽപ്പണിയിൽ അധ്യാപകർ ഗൗരവം കാണിക്കാൻ ഉത്തരവുകൾ വന്നു.

അതോടെ യാന്ത്രികത ചെറിയ ക്ലാസിൽ വച്ചേ തുടങ്ങി. കുട്ടികളിലെ നൈസർഗ്ഗികത അവഗണിക്കപ്പെട്ടു തുടങ്ങിയ സാഹചര്യം നിലവിൽ വന്നു.

2- കോവിഡിൻ്റെ വരവിൽ പഠനനിലവാരം ഒട്ടും തന്നെ പിറകിലായിക്കൂടാ എന്ന തീരുമാനത്തിൻ്റെ ഭാഗമായി എല്ലാവർക്കും മൊബൈൽ ഫോൺ ലഭ്യമായിത്തുടങ്ങിയതോടെ  കുട്ടിത്തത്തെ തകർക്കുന്ന പ്രവൃത്തികളുമായി സാമൂഹ്യമാധ്യമങ്ങൾ കുട്ടികളുടെ അധ്യാപകരായി മാറി. ഇതു കുട്ടികളെ അടിമുടി മാറ്റി.

3 - കുഞ്ഞുങ്ങളെ അടക്കിയിരുത്താനും ചോറു കൊടുക്കാനും അമ്മമാർ മൊബൈൽ ഫോണിനെ ഉപയോഗിച്ചു. കാർട്ടൂണിൽ തുടങ്ങി ആനിമേഷൻ ചിത്രങ്ങളിലൂടെ പിന്നെ ഗെയ്മുകളിലായി കുട്ടികൾ. എതിരാളികളെ വക വരുത്തി മുന്നേറുന്ന ഗെയ്മുകളിൽ സ്വയം മറന്നിരുന്ന കുട്ടികൾ ശല്യമുണ്ടാക്കാതെ അടക്കവും ഒതുക്കവുമുള്ളവരായി മാറിയതിൽ രക്ഷിതാക്കൾ ആശ്വസിച്ചു.

എന്നാൽ ഗെയ്മുകളിലെ ഹിംസ 

കുട്ടികൾ അവർക്കു ചുറ്റുമുളള ജീവനുള്ളവരിലേക്കും പ്രകടിപ്പിച്ചു തുടങ്ങി. മൊബൈൽ ഫോൺ വിലക്കിയാൽ കുട്ടികൾ അക്രമാസക്തരായി.

3- മാതാപിതാക്കളുടെ തലോടലും ആശ്ലേഷവും കഥകളും പാട്ടുകളും ഒന്നും അനുഭവിക്കാത്ത ജീവനുള്ള ബൊമ്മകളായി മക്കൾ. 

സ്വന്തം ചുറ്റുവട്ടത്തോടു ജൈവബന്ധമില്ലാത്തവരായി .

മുതിർന്നു വരുന്തോറും  കുട്ടികൾക്ക് ലഭ്യമാകുന്ന ഗെയ്മുകളുടെ സ്വഭാവങ്ങൾ അപകടകരമാംവിധം മാറി. കൂട്ടുകാരൊത്ത് ഓൺലൈൻ ഗെയിം കളിച്ച് പാതിരാവുകളിൽ അവർ ഉറക്കം കളയുന്നു.

കുട്ടികൾ സ്വയം പ്രദർശനങ്ങളായി സെൽഫികളും റീൽസുകളും ഉണ്ടാക്കി അഭിരമിച്ചു.

ഇൻസ്റ്റഗ്രാമിൽ അവർ സ്വൈര്യ വിഹാരം നടത്തി. അവിടയാവട്ടെ മിക്ക രക്ഷിതാക്കളും അധ്യാപകരും പ്രവേശിക്കാറുമില്ല.

4- ഡിജിറ്റൽ  മാധ്യമ സ്വാധീനം വലിയ രീതിയിൽ കുട്ടികളെ അടി മുടി മാറ്റിമറിച്ചിട്ടുണ്ട്.

അവർ ഉഴുതു മറിച്ച മണ്ണിൽ യൂട്യൂബേഴ്സും വെബ് സീരീസുകളും വയലൻസുള്ള സിനിമകളുമെല്ലാം വിത്തുകൾ വിതച്ചു.

കുട്ടികളുടെ അഭിരുചികൾ, പെരുമാറ്റങ്ങൾ, കാഴ്ചപ്പാടുകൾ, ശരീരഭാഷ..അങ്ങനെയെല്ലാം മാറി.

ഈ സാഹചര്യങ്ങളിലേക്ക് ലഹരിവസ്തുക്കളും കേറി വരാൻ തുടങ്ങി..

5- കുട്ടികളുടെ ലോകത്തു വന്ന ഇത്തരം മാറ്റങ്ങൾ പരിഗണിക്കാതെ ഗൗരവമായ പഠിപ്പിക്കലുകളും പരീക്ഷകളും കോച്ചിംഗുകളും പതിവുപോലെ തുടരുന്ന അവസ്ഥയാണ് ഇന്ന് വിദ്യാലയങ്ങളിൽ. 

6- പുതിയ കാലത്തെ കുട്ടികളെ പരിഗണിക്കേണ്ടതെങ്ങനെയെന്നറിയാതെ, എന്നാൽ സിസ്റ്റം ഏൽപ്പിക്കുന്ന പണികൾ ചെയ്തു തീർക്കാൻ നിർബന്ധിതരാകുന്ന,

മറ്റൊന്നിനും സമയമില്ലാതെ,

 അധ്യാപകർ നിസ്സഹായരാകുന്നു.

അതിലേറെ നിസ്സഹായരായിരിക്കുന്നു രക്ഷിതാക്കൾ !

ക്ലാസുകൾ മുകളിലേക്ക് പോകും തോറും ഈ പിരിമുറുക്കം കൂടി വരികയാണ്.

-പുതിയ കാലത്തെ കുട്ടികളിൽ കാണുന്ന ചില പൊതുപ്രവണതകൾ താഴെ പറയാം (ഹൈസ്ക്കൂൾ ക്ലാസുകളെ നിരീക്ഷിച്ചാണ് പറയുന്നതെങ്കിലും പ്രൈമറി ക്ലാസുകളിലും പലതും ബാധകമാണ്.)

- കുട്ടികളുടെ ശ്രദ്ധയോടെ ഇരിക്കാനുള്ള കഴിവ് ഏതാനും മിനിട്ടുകളേയുള്ളൂ. ( Attention Span)

- അവർക്ക് ക്ലാസുമുറികളിൽ ഇരിക്കപ്പൊറുതിയില്ലാതെ എരിപൊരി സഞ്ചാരമാണ്.

- അമ്മമാർ മൊബൈൽ കൊടുത്ത് അടക്കിയിരുത്തും പോലെ എന്തെങ്കിലും സ്ക്രീനിൽ കാണിച്ചാൽ കുറച്ചു നേരം അടങ്ങിയിരിക്കും

- അണുകുടുംബങ്ങളിലെ കുട്ടികൾ വീടുകളിൽ സ്വന്തം ഇഷ്ടങ്ങൾ നിവർത്തിച്ച് ശീലിച്ച്  സ്കൂളിലും സ്വന്തം രീതികളും വാശികളും മാറ്റാൻ മടി കാണിക്കുന്നു.

- ക്ഷമ,എംപതി തുടങ്ങിയവ വളരെ കുറവാണ്. 

- വഴക്കു പറഞ്ഞാൽ, ഇഷ്ടമില്ലാത്തത് കേട്ടാൽ,

 പെട്ടെന്ന് പൊട്ടിത്തെറിക്കും.

ചെറിയ കാരണങ്ങളുടെ പേരിൽ അടിയുണ്ടാക്കും.

- വളരെ സൗഹാർദത്തിൽ കഴിയുന്നവരും തമ്മിൽ  പിണങ്ങിയാൽ എന്തും ചെയ്യും.

പിണങ്ങാൻ വലിയ കാരണങ്ങൾ ഒന്നും വേണ്ട.

- ക്ലാസുമുറികളിൽ വെളിച്ചം കുറവാണെങ്കിലും ലൈറ്റ് ഓഫാക്കി ഇരുട്ടത്ത് ഇരിക്കാൻ ഇഷ്ടം.

- ബെഞ്ചും ഡെസ്ക്കും അടുപ്പിച്ചിട്ട് അതിനിടയിൽ ഞെരുങ്ങി ഇരിക്കും.

- സ്വന്തം ബാഗുകളാണെങ്കിലും നിസ്സാരതയോടെ വലിച്ചെറിയും.

- ക്ലാസിൽ അധ്യാപകരില്ലാത്ത സമയത്ത് വിവിധ ഗ്യാങ്ങുകളായി മൂലകളിൽ ഇരിക്കും.

ഇതിലേക്ക് അധ്യാപകർ കയറിവരുന്നതോടെ അവരുടെ രസച്ചരട് പൊട്ടിച്ചതിൻ്റെ ഭാവം പ്രകടിപ്പിക്കാനും മടിയില്ല.

- എഴുതാനും വായിക്കാനും പൊതുവേ മടി കാണിക്കുന്നു.

-എന്തെങ്കിലും പേരു പറഞ്ഞ് ക്ലാസിനു പുറത്തിറങ്ങാൻ താത്പര്യം

- ഡെസ്ക്കിൽ തലവെച്ച് നിരന്നിരുന്ന് കൂട്ടത്തോടെ ഉറങ്ങാൻ മടിയില്ല.

 അധ്യാപകർ പഠിപ്പിക്കുമ്പോഴും കുട്ടികൾ ഉറങ്ങുകയോ അതല്ലെങ്കിൽ സംസാരിക്കുകയോ ചെയ്യും.

- അതിവേഗം കാര്യങ്ങൾ തീർന്നു കിട്ടാനാണ് ഇഷ്ടം. 

എല്ലാം വേഗത്തിൽ തീർക്കാൻ നോക്കും.

- അപരരെക്കുറിച്ച് ,അവരുടെ വേദനകളെക്കുറിച്ച്  ആലോചന കുറവ് .

-മറ്റുള്ളവർ എന്തു കരുതും എന്ന വിചാരമേ ഇല്ല.

- കൂട്ടത്തിലൊരുത്തൻ ഏതെങ്കിലും തരത്തിൽ ഉയർച്ച കാണിച്ചാൽ അവനെ അടിച്ചമർത്താൻ ശ്രമിക്കും

- വിവിധ ക്ലാസുകൾ തമ്മിൽ ഗ്യാങ്ങുകൾ തമ്മിൽ കൂട്ടത്തല്ല് പതിവ്.

- പെൺക്കുട്ടികൾ തമ്മിലും തല്ല് നടക്കുന്നു.

-അപൂർവ്വമായി അധ്യാപകരോട് പൊട്ടിത്തെറിക്കാനോ ശിക്ഷാവിധികൾ സ്വീകരിച്ച അധ്യാപകരെക്കുറിച്ച്  പോലീസിൽ പരാതിപ്പെടാനോ മടി കാണിക്കാത്തവരുമുണ്ട്.

- പലതും തച്ചു തകർക്കുന്ന ശീലം.

- ഒരു പരിപാടികളിലും ഗൗരവമായ പ്രഭാഷണങ്ങളോ പ്രസംഗങ്ങളോ ഉണ്ടാകുന്നത് സഹിക്കാൻ തന്നെ പ്രയാസം.

- വലിയ ശബ്ദത്തിൽ DJ യിട്ട് തുള്ളിക്കളിക്കാൻ എപ്പോഴും വലിയ താത്പ്പര്യം

- ചെറിയ ക്ലാസിൽ സംഗീതം , കവിത, കലാ ഇനങ്ങൾ,പുസ്തക വായന തുടങ്ങിയ കാര്യങ്ങളിൽ താത്പ്പര്യം കാണിക്കുന്നവർ എട്ടാം ക്ലാസിലെത്തുന്നതോടെ ഇതെല്ലാം കൈ വെടിയുന്നു.

-ഇതിലൊക്കെ പങ്കെടുക്കുന്ന  അടക്കവും ഒതുക്കവുമുള്ള ആൺക്കുട്ടികൾ ആരെങ്കിലുമുണ്ടെങ്കിൽ അവരെ റാഗ് ചെയ്ത് പരുവപ്പെടുത്തുന്നു.

-എല്ലാം ആഘോഷമാക്കാൻ ഇഷ്ടം. ആഘോഷിക്കാനും ആഹ്ലാദിക്കാനും എത്ര രൂപയും ചെലവ് ചെയ്യും. ആഘോഷങ്ങളിൽ പുതിയ ട്രെൻഡുകൾ നടപ്പിലാക്കും.ആഘോഷങ്ങൾക്ക് എതിരുനിന്നാൽ പ്രതികരണം രൂക്ഷം...

ഇതെല്ലാം അടുത്ത കാലത്ത് വ്യാപകമായി കണ്ട പുതിയ ചില മാറ്റങ്ങളാണ്.

ഇത്തരം മാറ്റങ്ങളെ അഭിസംബോധന ചെയ്യാതെ , അതിന് വിദ്യാലയത്തെ അധ്യാപകരെ ,രക്ഷിതാക്കളെ, സജ്ജമാക്കാതെ മുന്നോട്ടു പോയാൽ ഇനിയും ദുരന്തങ്ങൾ ആവർത്തിക്കും.

ഉടനെ ചെയ്യേണ്ടത് :

1- കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച് ശാസ്ത്രീയവും മനശാസ്ത്രപരവുമായ സാമൂഹ്യ അവബോധം സൃഷ്ടിക്കുക.

നിയന്ത്രണങ്ങൾക്കായി സെൻസറിംഗ് അടക്കമുള്ള ആവശ്യമായ നിയമ നിർമ്മാണം കൊണ്ടുവരിക.

2- വയലൻസ് ,ലഹരി തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരിക

3 - ലഹരിക്കെതിരെ ശക്തമായ നിയമ നടപടികളും പ്രചാരണങ്ങളും കർക്കശമായി നടപ്പിലാക്കുക.

4-അധ്യാപകർക്കും രക്ഷിതാക്കൾക്കും ഫലപ്രദവും ശാസ്ത്രീയവുമായ മനശാസ്ത്ര പരിശീലനങ്ങൾ സംഘടിപ്പിക്കുക

5- നിലവിലുള്ള പാഠ്യപദ്ധതിയുടെ ഭാരം കുറച്ച് അധ്യാപർക്ക് കുട്ടികളെ വ്യക്തിപരമായി മനസ്സിലാക്കാനും ഇടപഴകാനും സമയം കിട്ടും വിധം മെൻ്ററിംഗ് നടത്താൻ അയവുള്ള സിലബസ് നടപ്പിലാക്കുക

ഈ ലക്ഷ്യത്തോടെ അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുക.

6 -വിദ്യാലയങ്ങളിൽ മെഡിറ്റേഷൻ, സംഗീത പഠനം, ഗാർഡനിംഗ്, കൃഷി, സാമൂഹ്യ സേവനപ്രവർത്തനങ്ങൾ എന്നിവ നിർബന്ധമായി നടപ്പിൽവരുത്തുക

7- കലാപരിശീലനങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ, പ്രസംഗം,നാടകം, ലൈബ്രറി പ്രവർത്തനങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ നിർബന്ധമാക്കുക 

8 - പാഠ്യവിഷയങ്ങളിലെ മാർക്കിനു പുറമേ കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളുടെ പോർട്ട് ഫോളിയോ മൂല്യനിർണ്ണയത്തിന് പരിഗണിക്കുക

9- PTA നേതൃത്വത്തിൽ അധ്യയന വർഷാരംഭത്തിൽ തന്നെ പ്രാദേശിക പഠന കളരികൾ രൂപികരിക്കുക. ഓരോ  പ്രദേശത്തെ വിദ്യാർത്ഥികളെയും ഇതിൽ പങ്കാളികളാക്കുക. അവർക്കായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.

10 - പ്രാദേശികമായി കളിക്കളങ്ങളും മൈതാനങ്ങളും നീന്തൽക്കുളങ്ങളും നിർമ്മിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകയ്യെടുക്കുക.

11- കായിക പരിശീലനം, തൊഴിൽ പരിശീലനം, സംരംഭകത്വ പരിശീലനം, കരിയർ ഗൈഡൻസ് എന്നിവ  ഫലപ്രദമാക്കുക. 

12 - കുട്ടികളിൽ നേതൃപാടവും സംഘബോധവും  വളർത്താൻ സഹായകമായ പരിപാടികൾ സംഘടിപ്പിക്കുക.

13- ധൂർത്ത് , ശബ്ദമലിനീകരണം തുടങ്ങിയ രീതികളിലുള്ള ആഘോഷ പരിപാടികൾ വിദ്യാലയങ്ങളിലോ വിദ്യാലയത്തിന് പുറത്തോ സംഘടിപ്പിക്കുന്നത് നിയന്ത്രിക്കുക.

14- ട്യൂഷൻ സെൻ്ററുകൾ പോലുള്ള സ്വകാര്യസ്ഥാപനങ്ങൾ കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകാനെന്ന പേരിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും ആകുന്നുവെന്ന് ഉറപ്പു വരുത്തുക.

15-വിദ്യാലയത്തിന് പുറത്ത് രാഷ്ട്രീയ പാർട്ടികൾ, മത സാമൂഹ്യസംഘടനകൾ, പോലീസ് , എക്സൈസ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിവർ ഉൾപ്പെട്ട വിദ്യാലയ സംരക്ഷണ സംഘങ്ങൾ പ്രാദേശികമായി വാർഡ് തലത്തിലെങ്കിലും പ്രവർത്തിക്കണം.

കുട്ടികളുടെയും വിദ്യാലയങ്ങളുടെയും സുരക്ഷയ്ക്കായി ഈ സംഘങ്ങൾ പ്രവർത്തിക്കുക.

മേൽ പറഞ്ഞ ചിലതെല്ലാം നടപ്പിലാക്കാനുള്ള സാധ്യതകളും സാഹചര്യങ്ങളും നിലവിൽ ഇന്ന് വിദ്യാലയങ്ങളിലുണ്ട്. 

എന്നാൽ അവയെല്ലാം വഴിപാട് പരിപാടികൾ ആയി മാറുകയോ അവഗണിക്കപ്പെടുകയോ ചെയ്യും വിധം പരീക്ഷകൾക്കും മാർക്കിനും അമിത പ്രാധാന്യം കൈവന്നതാണ് ഒരു പ്രധാന തടസ്സം.

കുട്ടികൾ  ഇടപ്പെടുന്ന സാഹചര്യങ്ങളും സവിശേഷതകളും ഇന്നീവിധമാക്കിത്തീർത്തത് കുട്ടികളല്ല.

വിപണിയുടെ ലാഭചിന്ത മാത്രം കാണുന്ന പുതിയ സാങ്കേതികവിദ്യകളും വ്യാപാര താത്പ്പര്യങ്ങളുമാണ്.

ഈ താത്പര്യങ്ങൾ വളർത്തിയെടുത്ത വിദ്യാഭ്യാസ ലക്ഷ്യങ്ങളും കരിയർ സ്വപ്നങ്ങളുമാണ് ഇന്നത്തെ സമൂഹത്തെയും നയിക്കുന്നത്. 

സമൂഹത്തിൻ്റെ പൊതു ചിന്ത തന്നെ ഈ വഴിക്കായതു കൊണ്ട് രക്ഷിതാക്കൾക്കും പഠിപ്പിക്കൽ മാത്രം മതിയെന്നായി. ബാക്കിയൊന്നും നടന്നില്ലെങ്കിലും അവർക്ക് പ്രശ്നമില്ല. കുട്ടികൾക്ക് മാർക്കോ ഗ്രേഡോ മതി.

അധ്യാപകരും വിദ്യാലയങ്ങളും ആ വഴിയെത്തന്നെ നീങ്ങുകയും ചെയ്യുന്നു.

ഇത്തരം  ധാരണകളും രീതികളും  തിരുത്തിക്കൊണ്ടേ വിദ്യാഭ്യാസമേഖലയിൽ ഒരു മാറ്റം സാധ്യമാകൂ.

ഇതിനായി സർക്കാരും രാഷ്ട്രീയ സാമൂഹ്യ സംഘടനകളും ഉണർന്നു പ്രവർത്തിക്കണം.

ഒരു വിദ്യാലയം തുറക്കുമ്പോൾ ഒരു കാരാഗൃഹം പൂട്ടുകയാണ് എന്നാണ് പറയപ്പെടുന്നത്.

അത്തരമൊരവസ്ഥയിലേക്ക് സർഗ്ഗാത്മകമായി  നമ്മുടെ വിദ്യാലയങ്ങൾ വളരണം .

No comments:

Post a Comment