Saturday, May 16, 2020

ഇത്ര ഒച്ചയൊക്കെ വേണോ?

മൂന്ന് ആൺകുട്ടികളുള്ള വീട്‌. എപ്പോഴും ഓരോ കാര്യങ്ങൾക്ക്‌ വഴക്കിടുന്ന കുട്ടികൾ. സ്നേഹിക്കാനല്ല, കലഹിക്കാനാണ്‌ അവരധികവും സംസാരിക്കുന്നത്‌. വഴക്കിന്റെ വാക്കുകൾ ഉയർന്നുകൊണ്ടേയിരിക്കുന്ന വീട്‌. പാവം ഉമ്മയ്ക്ക്‌ അവരെയോർത്ത്‌ സങ്കടപ്പെടാനേ നേരമുള്ളൂ. അയൽപക്കത്ത്‌ താമസിക്കുന്ന മാഷിന്‌ ഈ കലഹം വലിയ ശല്യമാണ്‌. എന്നാലും മാഷ്‌ പരാതിയൊന്നും പറയില്ല. നന്നായി കഥ പറയുന്ന മാഷിനെ കുട്ടികൾക്ക്‌ വല്ല്യ ഇഷ്ടാണ്‌‌. വലിയൊരു തൊടിയിലാണ്‌ മാഷിന്റെ വീട്‌. ധാരാളം മരങ്ങളും വലിയ മുറ്റവമൊക്കെയുള്ളതു കൊണ്ട്‌ മൂന്നുപേരും അവിടെ കളിക്കാനെത്തും. കളിക്കിടയിൽ പെട്ടെന്ന് കലഹിക്കുന്ന കുട്ടികളെ മാഷെപ്പോഴും നിരീക്ഷിക്കാറുണ്ട്‌.

ഒരു ദിവസം മരച്ചോട്ടിൽ വായിച്ചിരിക്കുമ്പോൾ മാഷൊരു കാഴ്ച കണ്ടു. മരത്തിലൂടെ കുറെ വണ്ടുകൾ കേറിപ്പോകുന്നു. അവയുടെ പുറത്തെന്തോ പറ്റിപ്പിടിച്ച്‌ കിടപ്പുണ്ട്‌. ഓരോ വണ്ടിനേയും‌ സൂക്ഷിച്ചു നോക്കി. അതിശയമുള്ളൊരു കാര്യമാണ്‌ നടക്കുന്നതെന്ന് മാഷിന്‌ വേഗം മനസ്സിലായി. കുട്ടികളെ മൂന്നാളേയും അരികിലേക്ക്‌ വിളിച്ച്‌ ആ കാഴ്ച കാണിച്ചുകൊടുത്തു.

‘ഈ വണ്ടുകളെന്താ ചെയ്യുന്നതെന്ന് മനസ്സിലായോ. ഇവയുടെ പുറത്തുള്ള ഈ വെളുത്ത മണികൾ ഒരു ചെടിയുടെ വിത്താണ്‌. മരത്തിന്റെ മുകളിലെ ചില്ലയിൽ പറ്റിച്ചേർന്നു വളരുന്ന ഒരുതരം ചെടിയുടെ വിത്തുകൾ.’ കുട്ടികൾക്കും ആ കാഴ്ച രസമുള്ളതായി തോന്നി. മാഷ്‌ കുറച്ചൂടെ പറഞ്ഞുകൊടുത്തു: ‘ഈ വിത്തുകൾ പൊട്ടിമുളയ്ക്കാൻ നല്ലോണം സൂര്യവെളിച്ചം കിട്ടണം. ഈ വലിയ മരത്തിന്റെ താഴെ വീണുകിടന്നാൽ സൂര്യപ്രകാശം ശരിക്ക്‌ കിട്ടില്ലല്ലോ. അതുകൊണ്ട്‌ വിത്തുകളെ സഹായിക്കാനെത്തിയതാണ്‌ ‌ ഈ വണ്ടുകൾ. സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന മരത്തിന്റെ മുകളിലേക്ക്‌ വിത്തും കൊണ്ട്‌ പോവുകയാണിവർ.’ കൗതുകത്തോടെ വണ്ടുകളെ നോക്കുന്ന കുട്ടികൾക്ക്‌ മാഷൊരു കാര്യം കൂടി പറഞ്ഞുകൊടുത്തു, ‘മക്കളേ, ഇത്രേം ചെറിയൊരു പ്രാണിപോലും‌ കഴിയുന്നൊരു സഹായം ശാന്തമായി മറ്റുള്ളോർക്ക്‌ നൽകുന്നു. നമ്മൾ മനുഷ്യന്മാരോ, എപ്പോഴും വഴക്കും ബഹളവുമായി നടക്കുന്നു. കൂടെയുള്ള മനുഷ്യർക്കും ചുറ്റുമുള്ള ജീവികൾക്കും ശല്യമുണ്ടാക്കുന്നു. ദൈവം തന്ന വല്യ അനുഗ്രഹമാണ്‌ ശബ്ദം. വാക്കുകൾ ശാന്തമാകണം. ആരേയും ശല്യപ്പെടുത്താനോ വേദനിപ്പിക്കാനോ അതുപയോഗിക്കരുത്‌.' കുട്ടികൾക്ക്‌ കാര്യം മനസ്സിലായി.

നമ്മൾ തന്നെയാണോ ആ കുട്ടികൾ? ഇത്രയൊക്കെ ബഹളം നമുക്കാവശ്യമുണ്ടോ. ഒച്ചപ്പാടുകൾക്ക്‌ സ്നേഹമുള്ളൊരു ഓർമയും തരാനാവുന്നില്ലല്ലോ. ഒരു ദിവസം തീരുമ്പോൾ മനസ്സിലോർക്കുന്നത്‌ അന്നു കണ്ട ഏറ്റവും സൗമ്യമായ മുഖമല്ലേ. അന്നു കേട്ട ശാന്തമായൊരു വാക്കല്ലേ. അതെ. ശാന്തതയ്ക്കാണ്‌ അഴകും മൂർച്ചയും. ചങ്ങാതിയോട്‌ സംസാരിക്കുമ്പോൾ പ്രഭാഷകന്റെ വാക്കുകൾ സൗമ്യമാണ്‌. ഒരു സദസ്സിനു മുന്നിലെത്തുമ്പോൾ അതെവിടെപ്പോകുന്നു?

നോക്കൂ, അശാന്തമാണ് കടൽപരപ്പ്‌‌. അവിടെ തിരകളേയുള്ളൂ. കടലാഴങ്ങളോ ശാന്തമാണ്‌. വിലപ്പെട്ടതൊക്കെ അവിടെയല്ലേ.
പി എം എ ഗഫൂർ

No comments:

Post a Comment