തിരൂർ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസി വഴി കാൻസർ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന ആരോഗ്യവകുപ്പിന്റെ പദ്ധതി ജില്ലയില്‍ പ്രയോജനപ്പെടുത്തുന്നത് 27 പേർ മാത്രം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാൻസർ രോഗികളുള്ള ജില്ലയില്‍ പദ്ധതിയെ കുറിച്ചുള്ള അവബോധക്കുറവാണ് കാരണം. ഓരോ ജില്ലയിലേയും തിരഞ്ഞെടുക്കപ്പെട്ട ഒരു കാരുണ്യ ഫാർമസി വഴി 247 ബ്രാൻഡഡ് മരുന്നുകളാണ് 50 ശതമാനത്തിലധികം വിലക്കുറവോടെ വില്‍ക്കുന്നത്. ആഗസ്റ്റ് 29നാണ് തിരൂർ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസിയില്‍ പദ്ധതി തുടങ്ങിയത്. 247 ബ്രാൻഡുകളില്‍ നല്ലൊരു പങ്കും ഇവിടെ ലഭ്യമാണ്. സ്റ്റോക്കില്ലാത്ത മരുന്നുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ മറ്റ് കാരുണ്യ ഫാർമസികളിലുണ്ടെങ്കില്‍ അവ ലഭ്യമാക്കുന്നുണ്ട്. ഇതിന് സാധിച്ചില്ലെങ്കില്‍ 15 ദിവസത്തിനകം രോഗികള്‍ക്ക് മരുന്ന് എത്തിച്ചുനല്‍കും.
കേരള മെഡിക്കല്‍ സർവീസ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് ലിസ്റ്റില്‍ ഇല്ലാത്ത പുതിയ മരുന്നുകള്‍ ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. കീമോയ്ക്കുള്ള ഒരു ബ്രാൻഡിന്റെ മരുന്നിന് 4,790 രൂപയാണ് വില. ഇത് 1,828 രൂപയ്ക്കാണ് കാരുണ്യ ഫാർമസി വഴി നല്‍കുന്നത്. ഹോള്‍സെയില്‍ റേറ്റിനൊപ്പം രണ്ട് ശതമാനം സേവന നികുതി മാത്രമാണ് ഈടാക്കുന്നത്.
♦️ വേണ്ടത് ആധാർ മാത്രം
* തിരൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് മാത്രമല്ല, സംസ്ഥാനത്തെ മറ്റ് സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവർക്കും ഇവിടെ നിന്ന് ബ്രാൻഡഡ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാം.
* മരുന്നിന്റെ ദുരുപയോഗം തടയാൻ വേണ്ടി രോഗികളുടെ ആധാറും ഡോക്ടറുടെ മെഡിസിൻ കുറിപ്പുമാണ് ആവശ്യപ്പെടുന്നത്.
* കോഴിക്കോട് മെഡിക്കല്‍ കോളേജ് കാരുണ്യ ഫാർമസിയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.
* ഒരു ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു കാരുണ്യ ഫാർമസി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
* നിർധന രോഗികള്‍ക്കടക്കം ഏറെ ആശ്വാസമേകുന്ന പദ്ധതിയാണിത്.
♦️ അറിയുന്നില്ലേ പദ്ധതി
* കാൻസർ രോഗികള്‍ക്കുള്ള സർക്കാരിന്റെ പെൻഷൻ വാങ്ങുന്നവർ മാത്രം 3,174 പേരുണ്ട്. തിരൂർ താലൂക്കില്‍ 596 പേരുണ്ട്. നിലമ്പൂർ - 459, ഏറനാട്- 405, തിരൂരങ്ങാടി - 400,പെരിന്തല്‍മണ്ണ- 458 , പൊന്നാനി-526, കൊണ്ടോട്ടി- 330 എന്നിങ്ങനെ.
* ലക്ഷം രൂപയില്‍ താഴെ വാർഷിക വരുമാനമുള്ള എല്ലാ കാൻസർ രോഗികള്‍ക്കും പ്രതിമാസം 1000 രൂപയാണ് പെൻഷനായി ലഭിക്കുക.
* പദ്ധതിയിലേക്ക് അപേക്ഷിച്ച് കാത്തുനില്‍ക്കുന്നവരും ഏറെയുണ്ട്.
എത്ര രോഗികള്‍ വന്നാലും മരുന്ന് ലഭിക്കാത്ത പ്രശ്നമുണ്ടാവില്ല. ഒരുവിധം എല്ലാതരം മരുന്നുകളും സ്റ്റോക്കുണ്ട്.
കാരുണ്യ ഫാർമസി അധികൃതർ, തിരൂർ ജില്ലാ ആശുപത്രി.

No comments:
Post a Comment